2011-11-18

തികച്ചും വ്യത്യസ്തമായ ഒരു ദിവസമായിരുന്നു ഇന്ന്. രാവിലെ ഒന്നു രണ്ടു സീരീസ് പരീക്ഷയും ശേഷം 13:30നു EISA (അപ്ലൈഡ് അസോസിയേഷന്‍) ചര്‍ച്ചയും ആയിരുന്നു. വല്യ കൂഴപ്പമൊന്നും കൂടാതെ പോയി. അതിന്നു ശേഷം NSSഇന്റെ കീഴിലുള്ള “സഹവാസിക്കൊരു വീട്” വീട് പണിയുമായി ബന്ധപ്പെട്ട് കുറച്ചു കല്ലു ചുമാക്കാന്‍ വേണ്ടി East hillല്‍ പോയി. അതൊരു 16:45 മുതല്‍ 18:40 വരെ തുടര്‍ന്നു.

പക്ഷെ എന്നെ അതിനേക്കാള്‍ ആകര്‍ഷിച്ചതും അല്‍ഭുതപ്പെടുത്തിയതുമായ സംഭവം മറ്റൊന്നായിരുന്നു. ഞങ്ങള്‍ കല്ലിറക്കിയതിന്നു ശേഷം ചായേം കടീം കഴിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സാറിനൊപ്പം ആ ലോറി ഡ്രൈവറും ചായ കുടിച്ചുവെന്നു തോന്നുന്നു. അവസാനം രണ്ടു മൂന്നു അപ്പം ബാക്കി വന്നപ്പോള്‍ ഒന്നദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം അതു വാങ്ങി വണ്ടിയില്‍ വെച്ചു. ഞാന്‍ വിചാരിച്ചു പിന്നീട് വണ്ടിയില്‍ നിന്നു കഴിക്കാന്‍ വേണ്ടിയായിരിക്കുമെന്ന്. കുറച്ചു കഴിഞ്ഞ് അദ്ദേഹത്തോട് വീണ്ടും വേണോ എന്നു ചോദിച്ചപ്പോള്‍ മടിയോടു കൂടെയാണെങ്കിലും “നിങ്ങള്‍ക്കു വേണ്ടെങ്കില്‍ കുട്ടേള്‍ക്കു കൊടുക്കാം” എന്നു ചെറിയ ശബ്ദത്തില്‍ പറഞ്ഞു അതു വാങ്ങി. ആ പറഞ്ഞത് ‌ആരും കേട്ടില്ലെങ്കിലും അദ്ദേഹത്തിനടുത്തായിരുന്നതിനാല്‍ ഞാന്‍ കേട്ടു. അപ്പോഴാണദ്ദേഹം ഭക്ഷണം അപ്പോള്‍ കഴിക്കാത്തതിന്റെ കാരണം എനിക്കു മനസ്സിലായത്. സ്വന്തം മക്കളെ അവരറിയാതെ മാതാപിതാക്കള്‍ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍…. മനസ്സിലാക്കിയിരിന്നുവെങ്കില്‍…