2012-01-26

ഇന്നു റിപ്പബ്ലിക്ക് ദിനമായിരുന്നു. 8:30 കിറുത്ത്യം സ‌മയത്തിനാ ഞാന്‍ കലാലയത്തിലെത്തിയത്. അപ്പോള്‍ തുടങ്ങുമെന്നു പറഞ്ഞ പരിപാടി വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞാണ് തുടങ്ങിയത്. എന്തൊരു കൃത്യനിഷ്ഠത!

അതു കഴിഞ്ഞു ഞങ്ങള്‍ വൃദ്ധ സദനത്തിലേക്കാണു പോയത്. ആദ്യമായിട്ടാണു ഞാനെന്റെ ജീവിതത്തില്‍ ഇത്തരം ഒരു സ്ഥലത്തേക്കു പോവുന്നത്. അവിടെ ആദ്യത്തെ പണി പുല്ല് പറിക്കലായിരുന്നു. കുറേ പറിച്ചു. അതിനേക്കാള്‍ ബാക്കി വെച്ചു. അതിനിടയില്‍ അവിടെ നോക്കി നടത്തുന്ന ആള്‍ അങ്ങോട്ടു ആളുകളെ ചേര്‍ക്കാന്‍ ചെറിയ ഒരു ക്ഷണവും തന്നു. ഹും, മക്കള്‍ മാതാപിതാക്കളെ പ്രായമായാല്‍ നോക്കാന്‍ ബാധ്യസ്ഥരല്ലെന്ന ഒരുപദേശം പോലെ.

പിന്നെ അവിടെയുള്ളവരുടെ കൂടെ പാട്ടും സംസാരവുമായിരുന്നു. ഞങ്ങള്‍ പാടുമ്പോഴെല്ലാം അതില്‍ ഒരാള്‍ വളരെയധികം ദേഷ്യപ്പെട്ടിരിക്കുന്നതു പോലെ തോന്നി. പലരും ഞങ്ങളോടൊപ്പം ചിരിച്ചു കളിച്ചെങ്കിലും ആ അമ്മ ഒന്നിലും സന്തോഷം കാണാത്ത പോലെ. പക്ഷെ പരിപാടിയെല്ലാം കഴിഞ്ഞ ശേഷം സംസാരം തൂടങ്ങിയപ്പോള്‍ ആ അമ്മ കരയാന്‍ തുടങ്ങി. ചോദിച്ചറിഞ്ഞപ്പോഴാണ് അറിഞ്ഞത്, ആ അമ്മ വന്നിട്ടു് രണ്ടാഴ്ചയെ ആയിട്ടുള്ളൂ. ഞങ്ങള്‍ വന്നതില്‍ ഏറ്റവും സന്തോഷിച്ചത് ആ അമ്മയായിരിക്കുമെന്നും എനിക്കു തോന്നി. അവസാനം വീണ്ടും വരാം എന്ന് സാന്ത്വനിപ്പിച്ചിട്ടാണ് ഞങ്ങള്‍ മടങ്ങിയത്…