2012-06-22

ഹോ… വല്ലാത്തൊരു ദിവസം തന്നെ ;-). പോത്തിനോട് വേദാന്തമോതിയിട്ട് കാര്യമില്ലെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ പോത്ത് മനുഷ്യനെ പോലെ പെരുമാറുന്നത് ആദ്യമായാ കാണുന്നത്.

രാവിലെ പോത്തിറച്ചി വാങ്ങാനാറിങ്ങിയതായിരുന്നു ഞാനും നജ്മുദ്ദീനും. വലിയവരെ ബഹുമാനിക്കണമെന്നതിനാല്‍ ഇറച്ചിയെല്ലാം അവര്‍ വാങ്ങിക്കൊണ്ടുപോയി. ഒരു പൊതി മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അങ്ങിനെ എന്തായാലും ഇറച്ചി വാങ്ങണമെന്ന വാശിയിലാണ് കക്കാട്ടേക്ക് പോയത്.

കോഴിയാണെങ്കിലേന്താ? ഇറച്ചി തന്നെയല്ലെ? അതും വാങ്ങി തിരിച്ചു നടക്കുമ്പോഴാണ് ഒരു ഉപായം, അഥവാ മടി തോന്നിയത്. റോഡ് കയറിയിറങ്ങാന്‍ ഒരുപാടുണ്ട്. പാടത്തുടെ പോയാല്‍ പെട്ടന്നെത്താം. കുറച്ച് കാല്‍ നനച്ചാല്‍ മാത്രം മതി. അങ്ങിനെ ഞങ്ങള്‍ പാടത്തേക്കിറങ്ങി. അവടെ 3 പോത്തുകള്‍ മേഞ്ഞു കൊണ്ടിരിക്കുന്നു. അവയില്‍ രണ്ടെണ്ണം പോകും വഴിയില്‍ തന്നെയാണ് മേയുന്നത്.

ലേശം പേടിച്ചിട്ടാണെങ്കിലും ആദ്യ പരീക്ഷണം കഴിഞ്ഞു കിട്ടി. രണ്ടാമത്തെ പോത്തിനെയും നോക്കി മെല്ലെ നടന്നുകൊണ്ടിരിക്കുകയാണ്. എന്തു കൊണ്ടോ ആ പോത്തും എന്നെ തിരിച്ചു നോക്കി. ഞാനും വിട്ടു കൊടുത്തില്ല. അതിനെ തന്നെ നോക്കി നടന്നു. വായില്‍ നോക്കുന്നത് അതിന്നിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. അത് വീണ്ടും തുറിച്ചു നോക്കി. പിന്നേ… അഹങ്കരിക്കാന്‍ അതെന്താ ഐശ്വര്യ റായിയാണോ?… എന്തായാലും അത് വിട്ടു തന്നില്ല. പെട്ടന്നാണ് സംഭവിച്ചത്… അത് വളരെ പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തു. ഞങ്ങളും വിട്ടുകൊടുത്തില്ല. സര്‍വ്വശക്തിയുമെടുത്ത് ഞങ്ങളും ഓടി, അതിനെ നോക്കിക്കൊണ്ടു് തന്നെ, മുന്നോട്ട്.

പോത്തിന്റെ വാശി തീര്‍ന്നില്ല. അത് ഓടിയടുത്തുകൊണ്ടിരിക്കുകയാണ്…. രക്ഷയില്ലെന്നു കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്നയഞ്ഞു. നോട്ടം മുന്നിലോട്ടാക്കി ഓടി… :D. അപ്പോഴേക്കും പോത്തടുത്തെത്തിയിരുന്നു. അടുത്തെത്തിയതും കുത്താനോങ്ങുന്നതു പോലെ ഒന്നു കുനിഞ്ഞു ഒറ്റ നിറുത്തം. മനുഷ്യന്‍മാര്‍ തമ്മില്‍ പറ്റിക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്ല രീതിയില്‍ ഒരു പോത്ത് ഞങ്ങളെ പറ്റിച്ചിരിക്കുന്നു. “ഈ… പറ്റിച്ചേ…” എന്ന നോട്ടത്തോടു കൂടി ഗമ വിടാതെ അവനങ്ങിനെ നില്‍ക്കുകയാണ്. ആരെങ്കിലും “കട്ട്” പറഞ്ഞതു കൊണ്ടോ അതോ ഞങ്ങളുടെ നോട്ടം തിരിച്ചതു കൊണ്ടോ, എന്താണെന്നറിയില്ല, പോത്ത് ബ്രേക്കിട്ടിരിക്കുന്നു. എന്നിട്ട് ഗമയില്‍ ഞങ്ങളേം നോക്കി നില്‍ക്കുകയാ…

പക്ഷേ ഇത്തവണ ഞങ്ങള്‍ തിരിച്ചു പറ്റിച്ചു. തിരിഞ്ഞു നോക്കാതെ മുന്നോട്ടാഞ്ഞു. അങ്ങിനെ ഞങ്ങള്‍ പോത്തിനെയും പറ്റിച്ചു നേരെ വീടിനോടടുത്തു.