2013-04-27

ഹോ, അങ്ങിനെ ഒരു ദിവസം കൂടി… സാധാരണ പോലെ ഹോസ്റ്റലില്‍ തന്നെയായിരുന്നു… ഇന്നു, പതിവിന്നു വിപരീതമായി ജസീമിന്റെ കൂടെയായിരുന്നു ഹോസ്റ്റലില്‍… അവനാണെങ്കി പല്ലു വേദനയെന്ന കാരണോം പറഞ്ഞ് കലാലയത്തില്‍ (B.Sc. Nursing) പോയിട്ടില്ല… എന്തൊരു കൃത്യനിഷ്ഠയാന്നറ്യോ ആള്‍ക്ക്?… എന്നും രാവിലെ നാലു മണിക്കെഴുന്നേല്‍ക്കുമെന്നു പറയും… ഇന്നും അങ്ങിനെ തന്നെ… എന്നും 7:30 കഴിഞ്ഞേ എണീക്കാറുള്ളൂ… പക്ഷെ ഇന്നങ്ങിനെ അല്ല എണീറ്റത്… ഒരു മാറ്റം ആര്‍ക്കാ ഇഷ്ടപ്പെടാതിരിക്കുക, അല്ലെ?… അത് കൊണ്ടാവാം ഇന്നവന്‍ 8:30ക്കാണ് എണീറ്റത്… അങ്ങിനെ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജയേട്ടന്റെ അടുത്ത് പോയി… തിരിച്ചു വന്നു… ഹോസ്റ്റലിലെത്തിയപ്പോ വല്ലാത്തൊരാഗ്രഹം…

“സാദിക്കേ…”

“എന്തോ?…”

“ആ മാങ്ങ കണ്ടീക്കില്ലെ ജ്ജ്?… പൗത്തതാണു… അതെടുത്താലോ?..”

“ആയിക്കോട്ടേ…”

“ന്നാ പിന്നെ എറിഞ്ട്ക്കാ, ലെ?”

“ഉം…”

അങ്ങിനെ ഞാനും ജസീമും തിരച്ചില്‍ തുടങ്ങി… ജസീം കല്ലിനു വേണ്ടിയും ഞാന്‍ വടിക്കും… അവസാനം ഒരു വടി എനിക്ക് കിട്ടി..

“ജസീമേ… കിട്ടിയെടാ കിട്ടി… എറിഞ്ഞ് തൊടങ്ങല്ലേ?”

“നിങ്ങള്‍ മാങ്ങക്കെറിയാ ലെ… സാരല്യാ, ഞങ്ങള്‍ നോക്കി നിന്നോളാ… രണ്ടെണ്ണം ഞങ്ങള്‍ക്ക് തന്നാ മതി…” ഒരു സ്ത്രീ ശബ്ദമായിരുന്നു മറുപടി… തിരിഞ്ഞു നോക്കിയപ്പോ എന്റെ മുന്നില്‍ പ്രായമായ രണ്ട് സ്ത്രീകള്‍… ജസീമിനെ കാണാനുമില്ലാ… പുലിവാലായല്ലോ… ഈ രണ്ടു മാങ്ങക്കെറിയുന്നതിന്നും നോക്ക് കൂലിയോ?… കാലം പോയ പോക്കേ… എന്താ ചെയ്യെണ്ടന്നറിയില്യാതെ ഞാനങ്ങിനെ നിക്കാണു… ജസീമിന്റെ പൊടി പോലും കാണുന്നില്ലാ…

എന്തായാലും ആദ്യത്തെ ഏര്‍ എറി‍ഞ്ഞു… “മാങ്ങ ഒന്നും വീഴല്ലേ” എന്നു് മനസ്സില്‍ വിചാരിച്ചു കൊണ്ടായിരുന്നു ഏറു്… മാങ്ങക്കു കൊണ്ടു… വീണില്ലാ… ആശ്വാസം… “ആ… മോനേ… എറി, നിനക്ക് നല്ല ഉന്നണ്ട് മോനെ” ആ അമ്മമാര്‍ പ്രോത്സാഹനം തന്നുകൊണ്ടേയിരുന്നു…

രണ്ടാമത്തെ ഏറും അങ്ങിനെ തന്നെ… മുന്നാമത്തെ ഏറും തെറ്റി… അപ്പോഴതാ വരുന്നു ജസീം, വാതിലിന്റെ മറവില്‍ നിന്നു…

“ഒന്ന് പിഴച്ചാ മൂന്ന് ന്നാ… ഇനി ഞാനെറിയട്ടെ…” ഹാവൂ ആശ്വാസം… അവന്‍ പറഞ്ഞു തീരുന്നതിന്നു മുമ്പേ വടി അവനെ ഏല്‍പിച്ചു കഴിഞ്ഞു… അങ്ങിനെ അവന്റെ ആദ്യത്തെ ഏറ്… മാങ്ങക്കാണോ അവനെറിഞ്ഞത് എന്ന് മനസ്സിലായില്ല… വടി എവിടെയോ എത്തിയിരിക്കുന്നു…

ഹാവൂ, രക്ഷപ്പെട്ടു… ഇനി എറിയണ്ടല്ലോ എന്നാശ്വസിച്ച് നില്‍ക്കുന്നതിനിടയിലാ വേറേതോ ഒരാള്‍ വന്നത്… ആ അമ്മമാര്‍ അയാളോട് മാങ്ങക്കെറിയാന്‍ പറഞ്ഞു… ഒരു മൂന്നാലെണ്ണം വീഴ്തേം ചെയ്തു… പിന്നേം അയാള്‍ എറിയാന്‍ നിക്കാണോ?…

“ഇനി മതീലേ ജസീമേ? ആ വല്യ മാങ്ങ അവര്‍ക്ക് കൊട്ത്ത്ക്കേ…” ഉറക്കെ തന്നെയാണ് ഞാന്‍ പറഞ്ഞത്…

എന്നിട്ടും അയാള്‍ നിര്‍ത്തുന്ന മട്ടില്ലാ…

“ഏട്ടാ… നിങ്ങള്‍ക്ക് മാങ്ങ വേണോ?” ജസീമാണു ചോദിച്ചത്…

“ഏയ്, വേണ്ടാ…”

“ന്നാ പിന്നെ… ഇനി വേണ്ടല്ലോ…” പറഞ്ഞു തീരും മുമ്പേ രണ്ട് മാങ്ങ കൂടി വീണു… എന്തായാലും അത് വീതം വെച്ച് ഞങ്ങള്‍ ഹോസ്റ്റലില്‍ കേറി… മാങ്ങേം കഴിച്ച് ഞാനങ്ങട്ടുറങ്ങിപ്പോയി…

(2013/05/03: പിന്നെ കാര്യമായെന്തോ സംഭവിച്ചിരുന്നു… പക്ഷെ ഓര്‍മ്മയില്ലാ…)