2013-07-16
(കുറിപ്പ്: സംഭവം സത്യമാണെങ്കിലും ഈ ഡയറിയില്‍ എഴുതിയ ഡയലോഗുകള്‍ പറഞ്ഞത് അപ്പടി തന്നെയായിക്കൊള്ളണം എന്നില്ല… എന്റെ ഓര്‍മ്മയേക്കാള്‍ എന്റെ ഭാവനയാണ് ഇതെഴുതാന്‍ എന്നെ സഹായിച്ചത്. ഞങ്ങള്‍ (ഞാനും നിമിലും) പുതിയ ഹോസ്റ്റലിലേക്ക് മാറി അധികമാകുന്നതിനു മുമ്പാണിതുണ്ടായത്)
അങ്ങിനെ ഹോസ്റ്റലിലെ ഒരു ദിവസം… നോമ്പ് തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. പക്ഷെ ആദ്യമായാണ് ഹോസ്റ്റലില്‍ നിന്നും നോമ്പ് നോല്‍ക്കുന്നത്… പതിവു പോലെ, അബദ്ധങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ലാ… :-)
ഒരിക്കലും കരണ്ട് പോവാറില്ലാത്ത (?) ദാവൂദ് ഹോസ്റ്റലില്‍ ഇന്നതും സംഭവിച്ചു… സംഭവങ്ങളുടെ(എല്ലാം) തുടക്കവും അത് തന്നെ… ജനല്‍ തുറന്നാല്‍ എന്നും കിട്ടാറുണ്ടായിരുന്ന കാറ്റും ഇന്നില്ലാ…
പെല്‍ച്ചക്കെണീക്കാന്‍ അലാറം വെച്ചിരുന്നത് ഒരു 3:45നായിരുന്നു. പക്ഷേ അനുകൂല കാലാവസ്ഥയായതിനാല്‍ അവര്‍-കൊതുക്-ഞങ്ങളെ ഒരു 3:00 മണിക്ക് തന്നെ ഉണര്‍ത്തി…
എണീറ്റൊന്നു തൊള്ള കഴുകി… കൂളറില്‍ നിന്നും കുടിക്കാന്‍ വെള്ളമെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വെള്ളമില്ലെന്നറിയുന്നത്… റൂമിലെത്തിയപ്പോ അവിടത്തെ കുപ്പിയും ശൂന്യം!!
വെള്ളമില്ലാതെ ഭക്ഷണമിറങ്ങില്ലല്ലോ… “രഞ്ചിത്തേ… നമുക്കൊന്നു പുറത്ത് പോയി വള്ളം കിട്ട്വോന്ന് നോക്ക്യാലോ?” എല്ലാവരും ഉണര്‍ന്നിരിക്കുക തന്നെയായിരുന്നു…
“ജ്ജ്ണ്ടോ?…” അവന്‍ ചോദിച്ചു
“ഉം…”
“ന്നാ പോവാം…” ആവേശത്തോടെ രഞ്ചിത്ത് ചാടിയെണീറ്റു…
അങ്ങിനെ ഞങ്ങള്‍ നടന്നു നടന്ന് ചുങ്കത്തെത്തി. നോക്കുമ്പോ ഒരു കട പോലും തുറന്നിട്ടില്ലാ…
“അതേയ്, രത്നാകര 24 മണിക്കൂറും തൊര്‍ക്ക്ണ കടല്ലേ? അങ്ങോട്ട് പോയാലോ?” അഭിപ്രായം എന്റേതായിരുന്നു…
“ഉം…” നടത്തം സമ്മതം…
ഞങ്ങള്‍ നടന്നു തുടങ്ങി. ഒരു കിലോമീറ്ററോളം… കടയില്‍ വെളിച്ചം കാണുന്നുണ്ട്… പക്ഷെ അടുത്തെത്തിയപ്പോ തുറന്നിട്ടില്ലാ… ഇനിയെന്തു ചെയ്യും എന്നായി അടുത്ത ചിന്ത…
“അതേയ്, ഇവ്ടെ വെസ്റ്റ്ഹില്‍ പള്ളിയില്‍ കൂളര്‍ ഉണ്ട്, അവിടെ മിക്കവാറും വള്ളണ്ടാവും…” ഞാന്‍ പറഞ്ഞു നടന്നു തുടങ്ങി…
ഭാഗ്യം, പള്ളി ലോക്ക് ചെയ്തിട്ടില്ലാ… ഉള്ളില്‍ കേറി നോക്കി… അവിടെ കൂളര്‍ മാത്രമുണ്ട്, അതില്‍ വെള്ളമില്ല!… വീണ്ടും നിരാശ തന്നെ…
അങ്ങനാ രഞ്ചിത് ഓര്‍ത്തെടുത്തത് “ഇന്ത്യന്‍ എക്സ്പ്രസിലെ കാന്റീന്‍ ചിലപ്പോ തുറന്നിട്ടുണ്ടാവും… അവിടെ പ്രസ്സുള്ളതല്ലേ…”
മൗനം സമ്മതം… ഞങ്ങള്‍ നടത്തം തുടര്‍ന്നു… അവിടെ നോക്കുമ്പോ ഒരീച്ചയെ പോലും കണാനില്ലാ…
“ഓ… സമയം 3:30 ആയില്ലെടോ? പ്രസ് പൂട്ടിയതാവും” രഞ്ചിത്ത് തന്നെയായിരുന്നു അത്…
“എന്തായാലും ഇവിടം വരെ എത്തീലേ, ഒന്ന് ഈസ്റ്റ് ഹില്‍ വരെ പോയി നോക്കിയാലോ?” നടത്തം എനിക്കൊരു പുത്തിരിയല്ലെന്ന് അവന്നറിയില്ലല്ലോ…
“അങ്ങട്ട് പോണോ?” രഞ്ചിത്തിന് സംഗതി പന്തിയല്ലെന്ന് തോന്നിത്തുടങ്ങിയെന്ന് തോന്നുന്നു…
പക്ഷെ ഞാന്‍ വിട്ടു കൊടുക്കോ… “ബ്ട അട്ത്തന്നല്ലെടോ… ഒന്നു നട്ന്നു നോക്കാ…” രഞ്ജിതിന് നടത്തം മടുത്തു തുടങ്ങിയിരുന്നു… മനസ്സില്ലാ മനസ്സോടെയാണവന്‍ നടന്നത്…
“അതിലൂടെ പോയിട്ട് ആ പട്ടാളക്യാംപ് വഴി ഇറങ്ങാം…” അവന്‍ പറഞ്ഞു
“അവര്‍ നമ്മളെ കണ്ട് വെടി വെക്കില്ലായിരിക്കും…” ചളി രഞ്ജത്തിന്റെ കുത്തക പോലെയാണല്ലോ… അവന്‍ തുടര്‍ന്നു…
പോകം വഴി നല്ല ഇരുട്ടായിരുന്നു… ചവിട്ടരുതെന്നു കരുതി വെച്ച പല കാലുകളും ചളിയില്‍ നോക്കിച്ചവിട്ടുന്നതു പോലായിരുന്നു…എത്തിനോക്കിയപ്പോ അവിടേയും ഒരറ്റ കട പോലും തുറന്നിട്ടില്ലാ… എനിക്കാണെങ്കി നടത്തം കൊണ്ട് ദാഹിച്ചു തുടങ്ങിയിട്ടുണ്ട് (അവന്റ അവസ്ഥ എന്താണോ ആവോ)…
“അതേയ്, ജ്ജ് വ്ട നിന്നന്നു കാരപ്പര്‍മ്പ്ന്നെന്തൊക്കെയോ തിന്നൂന്ന് പറഞ്ഞില്ലായ്‍ര്ന്നോ?…” എന്റെ അടുത്ത അടവിറക്കി…
“ഉം… എന്തേ?…”
“അപ്പോ അവ്ടെ കട തൊര്‍ന്നിട്ടുണ്ടാവില്ലേ?… ഞമ്മക്കങ്ങട്ട് പോയാലോ?…”
അവന്ന് സംഗതിയുടെ പോക്ക് പന്തിയല്ലെന്ന് മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്… “ഞ്ഞി അതും കൂടി വേണോ? ഇനീം നടന്നാല്‍ ബാങ്ക് കൊടുക്കുന്നതിന്നു മുമ്പ് ഹോസ്റ്റലില്‍ തിരിച്ചെത്തില്ല…”
പക്ഷെ ഞാന്‍ വിട്ടുകൊടുക്കോ… നടത്തം എനിക്കെത്രത്തോളം ഇഷ്ടമാണെന്നവനറിയില്ലല്ലോ… അറിയാന്‍ പോകുന്നല്ലേ ഉള്ളൂ… അവിനെ കൂട്ടി നടത്തം തുടര്‍ന്നു… അവിടെയെത്തിയപ്പോഴും ഒരു വിത്യാസവുമില്ല… കടകളെല്ലാം പൂട്ടിത്തന്നെ…
“എന്തായാലും ഇവിടം വരേ എത്തീലേ… ഇനി എരഞ്ഞിപ്പാലം വരേ കൂടി നടന്നാലെന്താ?” പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നെങ്കിലും ഒപ്പിച്ചു… രഞ്ജിത്തിന് ഒരടി മുന്നോട്ട് നടക്കാന്‍ താല്‍പര്യമില്ലായിരുന്നു…
“ഏട്ടാ, എരഞ്ഞിപ്പാലത്ത് ഏതെങ്കിലും കട തുറന്നിട്ടുണ്ടാവുമോ?” രഞ്ജിത് അവടുണ്ടായിരുന്നു ഒരാളോട് ചോദിച്ചു.
“ഇല്ലാ… ഉണ്ടാവില്ല…” രഞ്ജിതിന്ന് അവന്‍ താല്‍പര്യപ്പെട്ട മറുപടി തന്നെ കിട്ടി… അവന്ന് സന്തോഷം, സമാധാനം…
“കേട്ടീലേ മോനെ?… ഇനി ഞമ്മക്ക് തിര്ച്ച് നടക്കാ… വെര്‍തേ നടന്നു്…” നടത്തം തിരിക്കാമെന്നതിനാല്‍ അവന്റെ മുഖം വളരെ പ്രസന്നമായിരുന്നു…
“ഞിപ്പെന്തായാലും നടന്നാ തിരിച്ചെത്തൂലാ… അവിടെ പള്ളിയിലെ ഉസ്താതിനുള്ള ഭക്ഷണമെങ്കിലും ഉണ്ടാവും… ചോദിച്ചു നോക്കാം… എന്തായാലും അവിടെ പള്ളിയില്‍ വെള്ളമെങ്കിലും ഉണ്ടാവും…” ഞാന്‍ പറഞ്ഞു നിര്‍ത്തി…
നോമ്പു നോല്‍ക്കാനല്ലേ… ഭക്ഷണം കഴിക്കാതെ ഒരു ദിവസം എങ്ങിനെ ഞാന്‍ തള്ളി നീക്കുമെന്നാലോചിച്ചാവണം രഞ്ജിത്തും നടത്തം തുടര്‍ന്നു…
നടന്നോണ്ടിരിക്കുന്നതിനിടയിലാണു 'ആശിര്‍വാദ്' കല്യാണ മണ്ഡഭത്തിനടുത്തെത്തിയപ്പോ പെരും മഴ പെയ്തത്… കേറി നില്‍ക്കാന്‍ അടുത്തൊരിടം പോലുമില്ലാ…
“എടാ… എന്റെ പനി ഇതു വരെ മാറീട്ടില്ലാ… ഇപ്പേ ഞാന്‍ 3 ½ ഗുളിക അതിന്നായി കുടിക്കുന്നുണ്ട്… പനിയെങ്ങാനും മാറീലെങ്കീണ്ടല്ലോ…” മഴ ശരിക്കു കൊണ്ടപ്പോഴാണ് അവന്‍ ഉറക്കത്തില്‍ നിന്നും ശരിക്കുണര്‍ന്നത്…
എന്തായാലും പെയ്ത മഴ ഒന്നും കൊള്ളാതെ പോയില്ലാ… ഞങ്ങളെ മുഴുവന്‍ നനച്ച് മഴ മറയുകയും ചെയ്തു… നടത്തമല്ലാതൊന്നും ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ലാ… അങ്ങനെ ഞങ്ങള്‍ എരഞ്ഞിപ്പാലമെത്തി…
ചില കാര്യങ്ങളൊക്കെ അങ്ങിനെയാ… ഒരിക്കലും ശരിയാവില്ല… പതിവുപോലെ, പള്ളിയില്‍ നിന്ന് കിട്ടിയ കുറച്ച് വെള്ളമെല്ലാതെ ഒന്നും കിട്ടിയില്ലാ… വല്ല ഭക്ഷണവും കിട്ടോന്ന് നോക്കുമ്പോഴാ രണ്ട് പോലീസ് ഏമാന്‍മാര്‍ അത് വഴി ബൈക്കില്‍ വന്നത്… ഉള്ള പെട്രോള്‍ തീര്‍ക്കാന്‍ നൈറ്റ് പെട്രോളിങിനിറങ്ങിയതാണെന്നു തോന്നു…
സ്ട്രീറ്റ് ലൈറ്റും ഹെഡ്‌ലൈറ്റും വെളിച്ചം വിതറുന്നുണ്ടായിരുന്നെങ്കിലും കൈയിലുള്ള ടോര്‍ച്ചടിച്ചായിരുന്നു അവര്‍ പോകുന്നത്… ഭാഗ്യം… അവര്‍ ഞങ്ങളെ കണ്ടെങ്കിലും 'യമഹ' പറയിപ്പിച്ചില്ലാ…
അങ്ങിനെ സമാധാനിച്ച് നേരെ മലബാര്‍ ഹോസ്പിറ്റല്‍ കാന്റീനിലേക്ക് തിരിയാന്‍ ആലോചിച്ചതും അവരതാ തിരിച്ചു വരുന്നു…
“എന്താ ഈ നേരം ഇവിടെ? എന്താ പരിപാടി?” മുഖത്ത് ടോര്‍ച്ചടിച്ച് അവര്‍ ചോദിച്ചു…
“സാര്‍, നോമ്പായത്കൊണ്ട് അത്താഴത്തിന് ഭക്ഷണം കിട്ടോന്നറിയാന്‍ വന്നതാണു… സാറെ, ഇവിടെ അടുത്തെവിടെയെങ്കിലും വല്ല കടയും തുറന്നിട്ടുണ്ടോ?” തിരിച്ചും എന്റെ വക ഒരു ചോദ്യമായിരുന്നു…
“ഇല്ലാ… കിട്ടണെങ്കി ഇഖ്റ വരേ പോവണം…” അതും പറഞ്ഞ് ഒരു ദയയും കാണിക്കാതെ അവര്‍ പോയി…
അവരെ പറഞ്ഞിട്ടും കാര്യമില്ല… അവരുടെ പണി അതാണല്ലോ… നടന്നു നോക്കിയപ്പോ മലബാര്‍ കാന്റീനും തുറന്നിട്ടില്ലാ…
പ്രതീക്ഷയെല്ലാം അസ്തമിച്ചിരിക്കുന്നു… അവസാനം ഞങ്ങള്‍ തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചു… നടക്കാവ് വരെ നടന്നിട്ട് വല്ല ഓട്ടോയിലും പോകാനായിരുന്നു പ്ലാന്‍…
അങ്ങിനെ ഞങ്ങള്‍ നടത്തം തുടര്‍ന്നു… നടക്കാവിലേക്ക്… രഞ്ജിത്തിന്റെ കാല്‍ കുഴഞ്ഞു തുടങ്ങിയിരിക്കുന്നു… എന്റേയും… നടക്കുന്നതിനിടെ അവന്‍ ഇടക്കിടെ ഇരിക്കുന്നുണ്ടായിരുന്നു… ഞാന്‍ ഇരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവന്‍ നടന്നു തുടങ്ങിയിട്ടുണ്ടാവും… പോകും വഴിയില്‍ നടക്കാവടുത്തുള്ള പള്ളിയിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരിക്കുന്നു… സമയം 4:40… ബാങ്ക് കൊടുക്കാന്‍ ഇനി വെറു 7 മിനിട്ട് മാത്രം…
ഞങ്ങള്‍ നടത്തം തുടര്‍ന്നു… നടക്കാവെത്തിയപ്പോഴേക്കും 4:44… മരുഭൂമിയിലെ മരുപ്പച്ച കണ്ടതു പോലെയായിരുന്നു അപ്പോഴെന്റെ മനസ്സ്, അതാ കുറച്ചകലെ ഒരു മില്‍മ ബൂത്ത് തുറന്നു കിടക്കുന്നു… ദുഃഖത്തിന്റെ അന്ത്യം സന്തോഷമെന്നത് ഊട്ടിഉറപ്പിക്കും പോലെ… നേറെ കേറി, ഒരു വട തിന്നു… അടുത്ത വട തിന്നണമെന്നുണ്ടായിരുന്നു, പക്ഷെ ധൈര്യം വന്നില്ലാ… കൊടുത്ത പൈസക്ക് ബാക്കി തരാനില്ലാതിരുന്നതിനാല്‍ രഞ്ജിത്ത് രണ്ട് വട കഴിച്ചു…
അപ്പോഴേക്കും ബാങ്ക് കൊടുത്തിരുന്നു… അങ്ങിനെ ഞങ്ങള്‍ യാത്ര തുടര്‍ന്നു… തിരിച്ച് ചുങ്കത്തേക്കു തന്നെ… ഓട്ടോ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് കാലുകള്‍ തന്നെ വേണ്ടി വന്നു ഹോസ്റ്റലിലെത്താന്‍… എന്നെ ഒറ്റക്കാക്കി ബൈക്കില്‍ കേറിപ്പോകാനുള്ള രഞ്ജിത്തിന്റെ തന്ത്രവും പാളി…
ആകെമൊത്തം ഒരു 9 കിലോമീറ്ററെങ്കിലും ഞങ്ങള്‍ നടന്നിട്ടുണ്ടാവും… ഹോസ്റ്റലിലെത്തിയപ്പോഴാണറിയുന്നത് ഞങ്ങളിറങ്ങി 15 മിനുട്ട് കഴിഞ്ഞ് കരണ്ട് വന്നെന്നും കൂളറില്‍ നിന്ന് വെള്ളം കിട്ടിയെന്നും… ചിലതൊക്കെ അങ്ങിനെയാ… ചിലരെ ഒപ്പം കൂട്ടിയാ ഒരു കാര്യവും നടക്കില്ലാ… (രഞ്ജിത്തും അങ്ങിനെ കരുതുന്നുണ്ടോ ആവോ…)