പൈസക്കാരുടെ ബസ്

ഇന്നു ശനിയാഴ്ച… ഞാന്‍ ഇന്നു തന്നെ നേരെ ഹോസ്റ്റലിലോട്ട് വിടാന്‍ തീരിമാനിച്ചതായിരുന്നു.. രാവിലെ 9:40ഇനുള്ള ലോ ഫ്ലോര്‍ വണ്ടിയില്‍ പോകാനായിരുന്നു തീരുമാനം… പക്ഷെ ഷാക്കിറാന്റെ( മൂത്താപ്പാന്റെ മകള്‍) അവ്ട്ത്തെ പുത്യാപ്പളന്റെ( യൂനുസ്) ഉമ്മാന്റെ ഉപ്പ( മുഹമ്മദ്) ഹോസ്പിറ്റിലിലായതു കൊണ്ട് കാണാന്‍ അങ്ങോട്ട് പോകണം എന്നു പറഞ്ഞു…

പറഞ്ഞതല്ലേ, പോയേക്കാം… അങ്ങിനെ പോയി… അവിടെ പോയപ്പോഴേക്കും ഒരാഗ്രഹം… അമ്മായീന്റോടെ പോയാലോ… അങ്ങിനെ കൊളപ്പുറം അമ്മായീന്റെ വീട്ടിലും പോയി.. അവിടുന്ന് നല്ല ചോറും ചിക്കന്‍ ചില്ലിയും തട്ടി നേരെ വീട്ടിലോട്ട്… അവിടെ എത്തിയ പാടെ സാധനമെല്ലാം എടുത്ത് നേരെ കക്കാട്ടേക്ക് വണ്ടി കയറി… അവിടെ കൃത്യം 3:39ഇന് ബസ് സ്റ്റോപ്പില്‍ എത്തി…

അങ്ങിനെ നില്‍ക്കുമ്പോഴത് വരുന്നു- ലോ ഫ്ലോര്‍ കെ.എസ്.ആര്‍.ടി.സി… കുറെ കാലത്തേ ആഗ്രമായിരുന്നു, ആ ബസ്സില്‍ കേറണമെന്നത്… ഹോ… ആ ആഗ്രഹവും സഫലമായി… സമാധാനത്തില്‍ ഒന്നിരുന്നു എ.സീം കൊണ്ട് പോവാലോ… നേരെ പാഞ്ഞു ബസ്സില്‍ കേറി…

നമ്മുടെ നാട്ടിലും ഇത്രേം പൈസക്കാരോ… സീറ്റേല്ലാം നിറഞ്ഞൊഴുകി ഒരുപാട് പേര്‍ നില്‍ക്കുന്നു… ഒന്നിരുന്ന് സമാധാനമായിട്ട് പോകാമെന്നു വിചാരിച്ചപ്പോ ഇങ്ങിനെ… എന്താ ചെയ്യാ… ബാക്ക്ഗ്രൗണ്ടില്‍ നല്ല(?) ഹിന്ദി പാട്ട് പാടുന്നു… ഫോര്‍ഗ്രൗണ്ടില്‍ ഉച്ചത്തില്‍ ഒരു കുട്ടി കരയുന്ന ശബ്ദവും… ഞാന്‍ മുന്നില്‍ തന്നെ നിന്നു… കുറച്ചു കഴിഞ്ഞു് ഞാന്‍ നില്‍ക്കുന്നതിന്റെ അടുത്ത സീറ്റില്‍ നിന്നൊരാള്‍ എണീറ്റു.. ഹാവൂ… സമാധാനമായി… ഇനി ഇരുന്നു് യാത്ര ചെയ്യാലോ… സീറ്റ് പോകുമോ എന്ന ബേജാറില്‍ ഞാന്‍ അയാള്‍ എങ്ങോട്ട് പോയെന്നൊന്നും ശ്രദ്ധിക്കാതെ സീറ്റില്‍ കേറിയിരുന്നു…

അയാള്‍ നേരെ പോയത് ആ കരയുന്ന കുട്ടിയുടെ അടുത്തേക്കാണു്… എന്നിട്ടാ കുട്ടിയോട് ഒരുപാട് ചൂടായി(???)… ഹിന്ദിയിലാണോ മലയാളത്തിലാണോ ചൂടായതെന്നു് മനസ്സിലായില്ല… കുട്ടിയുണ്ടോ വിട്ടു കൊടുക്കുന്നു…. കുട്ടി ശബ്ദമൊന്നുകൂടി കൂട്ടി… എട്ടും പൊട്ടും തിരിയാത്ത, രണ്ട് വയസ്സ് പോലും തികയാത്ത, ആ കുട്ടിയോട് ചൂടായിട്ടെന്ത് കാര്യം… അതിന്നു ശേഷം മൂപ്പര് നേരെ ഞാനിരുന്ന സീറ്റിലേക്ക് തന്നെ തിരിച്ചു വന്നു…

വിട്ടുകൊടുക്കരുതല്ലോ… അയാള്‍ സീറ്റിനടുത്തേത്തുന്നതിന്ന് മുമ്പ് തന്നെ ഞാനവിടെ നിന്നെണീറ്റു… നേരെ കണ്ടക്ടറുടെ അടുത്തേക്ക് “ഈ ബസ് എപ്പഴാ കോഴിക്കോട് നിന്നു് തിരിച്ച് പോരാ?”

“ഒരഞ്ചരയാവും…”

പാതി കേട്ടു കേട്ടില്ലെന്ന മട്ടില്‍ നേരെ തിരിച്ചു നടന്നു, ഒരു സൈക്ക്ള്‍മന്ന് വീണ ചിരിയുമായി, നേരെ ആ കരയുന്ന കുട്ടിയുടെ അടുത്തേക്ക്…

ആ കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടാല്‍ നമുക്കും കരച്ചില്‍ വരും… ചുറ്റു ഭാഗത്തുള്ളവരേം… ഒരാളെ പോലും ചിരിച്ചു കാണുന്നില്ലാ… അച്ചനെയടക്കം… എങ്ങിനെയൊക്കെയോ അദ്ദേഹം കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.. കുട്ടിയെ കളിപ്പിക്കാന്‍ അറിയാത്തോണ്ടാണോ അദ്ദേഹം ചിരിക്കാത്തത്? അതോ പിടിച്ച മസ്സില്‍ വിടാന്‍ താല്‍പര്യമില്ലാത്തോണ്ടോ?

എന്തായാലും എനിക്കാശ്വാസമായി… പൈസക്കാരെ കുറിച്ചും അവരുടെ സ്വഭാവത്തെ കുറിച്ചും പഠിക്കാന്‍ ഇനി ദൂരെയെങ്ങും പോകണ്ടല്ലോ… ഈ ബസ്സില്‍ കയറിയാല്‍ മതിയല്ലോ… മനസ്സിലാക്കണം, അവരെങ്ങിനെയാണെന്നു… ഞാനെങ്ങിനെ ആണെന്നു…