ഉമ്മാന്റെ നാട്ടില്‍

ഇന്നുമാന്റെ വീട്ടിലായിരുന്നു. ബാവുട്ടി (അമ്മോന്‍)യുടെ വീടിനു കുറ്റി തറക്കലായിരുന്നു പരിപാടി… വെറുതേ നല്ല കോയീം പത്തിരീം കളയണോ… നേരെ വിട്ടു ഉമ്മാന്റോട്ക്ക്…

തിരൂരങ്ങാടിയില്‍ നിന്നും ബസ് കേറി… അങ്ങോനെ പോകുന്നതിനിടയില്‍ ഒരാളെന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു… അയാള്‍ എന്നെ ചെരുപ്പു മുതല്‍ മുതല്‍ മുഖം വരെ നോക്ക്വാണു… എനിക്കാദ്യം കാര്യം മനസ്സിലായില്ലാ…

“അഃ… സാദിക്കേ… ജ്ജെയ്നോ?… ഞാന്‍ കൊറേ നേരായി നോക്ക്ണു…” മൂത്താപ്പാന്റെ മകന്‍ ജഅ്ഫര്‍ ആയിരുന്നു അത്… അപ്പോഴാണു ഞാനവനേം ശ്രദ്ധിച്ചത്…

അവന്‍ മരിച്ചോട്ത്ക്ക് പോകേയ്‌ര്ന്നു. സൈതുഹാജിയുടെ പെണ്ണ്ങ്ങള്‍ മരിച്ചത് അപ്പോഴാണ് ഞാനറിയുന്നത്… എന്തായാലും ഞങ്ങള്‍ കരുമ്പില്‍ ഇറങ്ങി പള്ളിയിലോട്ട് നടന്നു.

പിന്നെ ഉച്ചക്ക് ളുഹ്റിനാനു സഫീല്‍ (എ.കെ)നെ കാണുന്നുത്… അവന്റൊപ്പം സംസാരിച്ചിരുന്നാ സമയം പോണതറീല… പട്ടിണി കിടന്ന് സിക്സ് പാക്ക് ഉണ്ടാക്കിയ വിദ്വാനാ അവന്‍… അങ്ങനങ്ങനെ സംസാരിച്ചു സംസാരിച്ച് ജീവിതത്തിലേക്കെത്തി… ഹ്ം… കുറേ നേരം പലതും വെറുതേ സംസാരിച്ചിരുന്നു. ചോറ് കഴിച്ച് വീണ്ടും ഒപ്പമിരുന്നു… അവന്‍ ഒരു ബൈക്കുമായിട്ടായിരുന്നു വന്നത്…

“ജ്ജ് ബൈക്കെടുത്തോ? പൈസക്കാരന്‍”

“എടാ, ഇതെന്റതെല്ലടാ…ഇത്‌ന്റെ വകീലെ എളാപ്പാന്റെ മോന്റതാ… നിനക്ക് ബൈക്കോടിക്കാന്‍ അറിയോ?” അവന്‍ ചോദിച്ചു.

“അറിയോന്നോ? 2009ല്‍ ലൈസന്‍സ് എടുത്തിട്ടുണ്ടെടോ” യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതി എഞ്ചിനീര്‍മാര്ക്കും അറിയാം… :-)

“ലൈസന്‍സിലൊന്നും ഒരു കാര്യുല്യ… ബൈക്ക് ഓടിക്കാറുണ്ടോ?”

“പിന്നേ… ചാവി കാട്ട്… ഞാന്‍ കാണ്‍ച്ചരാ…” ഞാന്‍ എടുത്തിട്ടു…

ചാവീം വാങ്ങി ഞാന്‍ ബൈക്കിന്‍മേല്‍ കേറി…

“ഈ ബൈക്കെന്താ വല്ലാത്ത കനം…” പറഞ്ഞു തീരും മുമ്പേ ബൈക്ക് ചെരിഞ്ഞു നിലത്തെത്തിയിരുന്നു…

മസില്‍ പിടിക്കാന്‍ ഇല്ലാത്തോണ്ടാവാം പിടിച്ച് വലിച്ചിട്ട് ബൈക്ക് അനങ്ങുന്നു പോലുമില്ല… ഞാനൊരു ബൈക്ക് വാങ്ങിയാ ഇന്നെ ഏറ്റേണ്ട ബൈക്കിനെ ഞാനേറ്റേണ്ടി വര്വല്ലോ… അപ്പോഴേക്കും അവന്‍ വന്നു പൊന്തിച്ചു തന്നു…

“എടാ… ഈ സാധനം (എന്തോ ഒരു പേരു പറഞ്ഞു, ഓര്‍മ്മയില്ല…) ഇന്നലങ്ങട്ട് ഫിറ്റ് ചെയ്തിട്ടൊള്ളൂ… അപ്പോത്ത്ന് അതിന്റെ പൈന്റും കളഞ്ഞു…” കാല്‍ വെക്കുന്നിടത്ത് മുഴച്ചു തള്ളി നില്‍ക്കുന്ന കമ്പി ചൂണ്ടിക്കാണിച്ച് അവന്‍ പറഞ്ഞു…

“പോട്ടേ… ഞാനെന്തായാലും ഒന്നോട്ടി വരാ…” ബൈക്ക് ഓട്ടാന്‍ അറിയുന്ന എല്ലാവര്‍ക്കും അത് പൊക്കാന്‍ കഴിയണം എന്നില്ലല്ലോ… ദൈവം എല്ലാ കഴിവും കൂടി ഒരാള്‍ കൊടുക്കില്ലല്ലോ… :-)

പോട്ടേ… ഗമയില്‍ തന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി…

ഹ്ം… വണ്ടിക്ക് വല്ലാത്ത “പുള്ളിങ്.” തുടക്കത്തി തന്നെ ഒന്നു രണ്ടു ചാട്ടം ചാടിച്ചിട്ടൊക്കെയാണു റോഡിലെത്തിയത്… എന്തായാലും എങ്ങനെയൊക്കെയോ ഒരു ½ Km ഓട്ടി തിരിച്ചു വന്നു നിറുത്തി…

അതും കഴിഞ്ഞ് ‍ഞങ്ങള്‍ പിരിഞ്ഞു…

ഇന്നു മൊത്തത്തില്‍ എനിക്ക് വല്ലാത്തൊരു ദിവസമായിരുന്നു… ഒരുപാട് അബദ്ധങ്ങള്‍, അല്ലെങ്കില്‍ അനുഭവങ്ങള്‍, അതുമല്ലെങ്കില്‍ പഠിക്കാനുള്ള ഒരുപാട് അവസരങ്ങള്‍ ഇന്നെനിക്കു കിട്ടി (അബദ്ധങ്ങളെ അങ്ങിനെ വിളിക്കണമെന്നാണത്രേ 'മോട്ടിവേഷന്‍ തിയറി'…). പക്ഷെ പലതും പറയാന്‍ പറ്റില്ലാ… ക്ഷമിക്കണം…

രാത്രി വീട്ടിലെത്തിയപ്പോ അവിടെ ജഅ്ഫറും ഉണ്ടായിരുന്നു. ഞങ്ങള്‍ “ഓണ്‍ലൈന്‍ ജോബ്”നെ കുറിച്ച് ചര്‍ച്ച ചെയ്തു…

“ഓണ്‍ലൈന്‍ പണികളാകുമ്പോ ഇംഗ്ലിഷ് അറിയെങ്കി അത്യാവശ്യം പൈസ ഉണ്ടാക്കാം… അന്റ കോളേജിലാവുമ്പോ നെറ്റും ഫ്രീ ആവ്വ്വല്ലോ…” ഞാന്‍ പറഞ്ഞു.

“അത് ശരിയായ്ര്ക്കാം… പക്ഷെ എന്റെ ജോലിക്ക് വേണ്ടി അവിടത്തെ നെറ്റ് ഉപയോഗിക്കുന്നതിന്റെ ധാര്‍മ്മികവശം കൂടി ചിന്തിക്കണല്ലോ…” ഇവന്‍ പറഞ്ഞു നിറുത്തി…

ധാര്‍മ്മികവശം??… എന്റെ കലാലയത്തില്‍ എത്ര കുട്ടികളാ വെറുതേ ഫേസ്ബുക്ക് 'ബ്രൌസ്' ചെയ്തിരിക്കുന്നത്… എത്ര പേരാ സിനിമയും പാട്ടും 'ഡൌണ്‍ലോഡ്' ചെയ്യുന്നത്… പഠനവുമായി ബന്ധപ്പെട്ടതിനു മാത്രം ഉപയോഗിക്കേണ്ട നെറ്റ് ഇതിനൊക്കെ ഉപയോഗിക്കുമ്പോ ഒരാളെങ്കിലും അങ്ങിനെ ചിന്തിച്ചിട്ടുണ്ടാവും എന്നെനിക്ക് തോന്നുന്നില്ല…